SPIRITUAL GUIDENCE

ltr

ഇടവകപ്പട്ടക്കാരന്‍റെ കത്ത്‌

യേശുക്രിസ്‌തുവിന്‍റെ നാമത്തില്‍ സ്‌നേഹവന്ദനം

കര്‍ത്താവില്‍ പ്രിയരെ,

മഹായിടവകയുടെ പട്ടക്കാരുടെ സ്ഥലംമാറ്റ ക്രമീകരണ പ്രകാരം ഞാന്‍ വാഴൂര്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കോടുകുളഞ്ഞി ഇടവകയില്‍ ശുശ്രൂഷ ചെയ്വാന്‍ ഇടയായത് ഒരു ഭാഗ്യമായി കരുതുന്നു. കോടുകുളഞ്ഞിയിലെ ഇടവക ജനങ്ങളുടെ വൈവിധ്യമാര്‍ന്ന ആശയങ്ങളും സ്നേഹ പ്രകടനങ്ങളും കരുതലും മറ്റും അനുഭവിക്കുവാന്‍ ഇടയായത് ഭാഗ്യമായി കരുതുന്നു. എന്നെയും എന്‍റെ കുടുംബത്തേയും സംബന്ധിച്ച് കോടുകുളഞ്ഞിയിലെ ശുശ്രൂഷ സന്തോഷകരമായിരുന്നു. കുറവുകള്‍ വന്നു കാണും, ക്ഷമിക്കുക. എല്ലാ ഭവനങ്ങളിലും വന്ന് യാത്ര ചോദിക്കുന്നത് ഒരു ആചാരമാണ്. എന്തുകൊണ്ടോ ഞാന്‍ അങ്ങനെ ചെയ്യാറില്ല. കോടുകുളഞ്ഞിപോലെയുള്ള വലിയ ഇടവകകളില്‍ അത് പ്രായോഗികവുമല്ല. അതുകൊണ്ട് ഒറ്റ വാചകത്തില്‍ എല്ലാവരോടും യാത്ര ചോദിക്കുന്നു. ദൈവഹിതമായാല്‍ മെയ് മാസം 13-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്കുശേഷം വാഴൂര്‍ സി.എസ്.ഐ. പള്ളിയിലേക്ക് പോകണം എന്നാണ് നിര്‍ദ്ദേശം. അപ്രകാരം ചെയ്വാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തില്‍ എന്നോടു കൂടെ പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. 2014 മെയ് മാസം ഞാന്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന കമ്മറ്റിയുടെ കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. 2014 ജൂണ്‍ മാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള കമ്മറ്റി അംഗങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഇടയായി. പള്ളിയിലും പരിസരത്തും പല പുരോഗമന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുവാന്‍ പരിശ്രമിക്കുന്ന കമ്മറ്റി അംഗങ്ങളെ അനുമോദിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്ന കൈക്കാരന്മാരായ മി. ചാണ്ടി സി. ജോര്‍ജ്ജ,് മി. കോശി വര്‍ഗ്ഗീസ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

കണക്ക് എഴുതി സൂക്ഷിക്കുന്നത് ഒരു ഭാരിച്ച ജോലിയാണ്. അതിന് എന്നെ സഹായിച്ച കമ്മറ്റി സെക്രട്ടറി മി. ജോസഫ് കെ. ജോണിനോടുള്ള നന്ദിയും അറിയിക്കുന്നു. കണക്ക് ഓഡിറ്റ് ചെയ്തു സഹായിച്ച മി. നൈനാന്‍ സാമുവേല്‍, മറ്റ് വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്ത മറ്റ് കമ്മറ്റി അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍, ആത്മായ ശുശ്രൂഷകര്‍ തുടങ്ങി എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

2014-2016 കാലഘട്ടത്തില്‍ അസ്സോസിയേറ്റ് വികാരിമാരായി ശുശ്രൂഷ ചെയ്ത റവ. വര്‍ക്കി തോമസ്, റവ. ജോണ്‍സണ്‍ ജോണ്‍ എന്നീ അച്ചന്മാരോടും ആരാധനയില്‍ സഹായിക്കുകയും സ്നേഹവും കരുതലും നല്‍കുകയും ചെയ്ത ബഹുമാനമുള്ള റവ. ചാണ്ടി ജോസ് അച്ചനോടും റവ. ഏബ്രഹാം കുരുവിള അച്ചനോടും ഉള്ള നന്ദി അറിയിക്കുന്നു.

നമ്മുടെ ഇടവകയിലേക്ക് സ്ഥലം മാറി വരുന്ന ബഹുമാനമുള്ള റവ. സാം കെ. മാത്യു അച്ചനെ സ്വാഗതം ചെയ്യുന്നു. മെയ് മാസം13-ാം തീയതി അച്ചന്‍ ഇടവകയില്‍ ചാര്‍ജ്ജെടുക്കും എന്ന് വിശ്വസിക്കുന്നു. അച്ചന്‍റെ ശുശ്രൂഷയ്ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

സര്‍വ്വശക്തനായ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. അടിയങ്ങളെയേയും പ്രാര്‍ത്ഥനയില്‍ തുടര്‍ന്നും ഓര്‍ക്കുക.

പ്രാര്‍ത്ഥനയോടെ
ഇടവകപ്പട്ടക്കാരന്‍

സാം റ്റി. മാത്യു അച്ചന്‍

കോടുകുളഞ്ഞി
01 05 16

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top